ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനു ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ദേവസ്വം പ്രസിഡന്റ് എന്ന രീതിയിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റ് അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയിൽ പത്മകുമാർ ഉന്നയിച്ച വാദം.
എന്നാൽ ഇതു കോടതി തള്ളി. ദേവസ്വം പ്രസിഡന്റ് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
പത്മകുമാറിന് കേസിലുള്ള പങ്ക് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും പത്മകുമാറിനെതിരെ ഗുരുതര പരാമർശമാണുണ്ടായിരുന്നത്.
















