ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഹർജികളിൽ വാദം കേൾക്കുക.
തങ്ങൾക്ക് കൊള്ളയിൽ പങ്കില്ലെന്ന് പ്രതികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, പത്മകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹത്തിൻ്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചിരിക്കുന്നത്. തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയതായും അന്വേഷണസംഘം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയും ഇന്ന് പരിഗണിക്കും. ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ സമയത്തും തിരികെ എത്തിച്ചപ്പോഴും ശ്രീകുമാറായിരുന്നു ചുമതലയിലുണ്ടായിരുന്നത് എന്നതിനാൽ ഇദ്ദേഹത്തിന് കൊള്ളയിൽ കൃത്യമായ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
















