വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി വൻ നീക്കങ്ങൾ നടത്തുന്നു. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ.
മണ്ഡലത്തിന്റെ സ്വഭാവവും വോട്ടർമാരുടെ താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ.
ഉണ്ണി മുകുന്ദനെ കൂടാതെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ഇതുവരെ ഉണ്ണി മുകുന്ദനോട് ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. കെ. സുരേന്ദ്രൻ മത്സരിച്ചാലും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















