റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ടീസർ പുറത്ത്. യാഷിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. യാഷിന്റെ കഥാപാത്രത്തിന്റെ മാസ് ഇൻട്രൊയാണ് ടീസറിലുള്ളത്. റായ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്.
കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചിലപ്പോൾ വിവാദമായേക്കാം. നേരത്തെ സിനിമയുടെ ആദ്യ ടീസറിലും ഇത്തരം രംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് സംവിധായികയായ ഗീതുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം ഉണ്ടായത്. ഇന്നിറങ്ങിയ ടീസറിലെ ഇതിനെ കടത്തി വെട്ടുന്ന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി നിർവഹിക്കുന്നത്. പിആർഓ: പ്രതീഷ് ശേഖർ.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
















