മുൻ ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന സംഭവത്തിൽ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത പരിഹാസവുമായി രംഗത്ത്.
കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലുമില്ലാതെ നടുക്കടലിലേക്ക് എടുത്തുചാടുക കൂടി ചെയ്യുകയാണല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കേരള രാഷ്ട്രീയത്തിൽ ചർച്ചയായ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്ന റെജി ലൂക്കോസ് കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന് അംഗത്വം നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
















