മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ തിരിക്കും മുൻപ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ മുംബൈയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപിയാണെന്ന് കുറ്റപ്പെടുത്തിയ ദീപ്കെ, രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഈ കസേരയിൽ ഇരിക്കുന്നതെന്നും ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
“നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഡൽഹി മെട്രോയും റോഡുകളും എല്ലാം അടച്ചുപൂട്ടിയത്. രാജ്യത്തെ യുവാക്കളെ അദ്ദേഹം ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത്?” – അഭിജിത്ത് ദീപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോ? സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് അത്ര പ്രിയപ്പെട്ടവനാണോ? മോദി ഭയന്നിരിക്കുകയാണ്, കാരണം ഇതിനുശേഷം ഈ നാട്ടിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും അഭിജിത്ത് ദീപ്കെ അഭിപ്രായപ്പെട്ടു.
പ്രതിഷേധിക്കുക എന്നത് തങ്ങളുടെ മൗലികാവകാശമാണ്. ജനാധിപത്യപരവും സമാധാനപരവുമായ രീതിയിൽ പ്രതിഷേധിക്കാനുള്ള മൗലികാവകാശം ആർട്ടിക്കിൾ 19 തങ്ങൾക്ക് നൽകുന്നുണ്ട്, അത് തന്നെയാണ് തങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.















