കേരളാ വിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഷംനാദ് പുതുശ്ശേരിയുടെ ‘വിശുദ്ധന്റെ കുമ്പസാരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ആർ. പാർവ്വതി ദേവി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുക എന്നത് ഒരു പുതിയ ചിന്ത ലോകത്തിന് സമ്മാനിക്കപ്പെടുക എന്നതുകൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. നിത്യജീവിതത്തിൽ നാം അണിയുന്ന മുഖമൂടികൾ മാറ്റി, ഉള്ളിലേക്ക് സ്വയം തിരിഞ്ഞു നോക്കാനും വായനക്കാരനെ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജീവിതാനുഭവങ്ങളെ സത്യസന്ധമായി ആവിഷ്കരിച്ച എഴുത്തുകാരനെയും, വായനയെ പ്രോത്സാഹിപ്പിക്കുന്ന കേരളാ വിഷൻ പബ്ലിക്കേഷൻസിനെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ പ്രൊഫ. അലിയാർ, കെ.വി. മധു, സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതികുമാർ, കേരളാ വിഷൻ ന്യൂസ് എം.ഡി പ്രിജേഷ് ആച്ചാണ്ടി, കേരളാ വിഷൻ പബ്ലിക്കേഷൻസ് എഡിറ്റർ എൻ.ഇ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു
















