റോക്കിങ്ങ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ സോഷ്യൽമീഡിയയിൽ ഉയർന്ന വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് സംവിധായിക ഗീതു മോഹൻദാസ്. നടി റിമ കല്ലിങ്കൽ പങ്കുവച്ച റീൽ വീഡിയോ ഷെയർ ചെയ്താണ് ഗീതു തന്റെ പ്രതികരണം അറിയിച്ചത്. ‘ഞാനിപ്പോൾ പറഞ്ഞു കഴിഞ്ഞു’ എന്നാണ് ഗീതു ഇംഗ്ലിഷിൽ കുറിച്ചത്.
ഏറെ വിവാദമായ 2017ലെ ഗീതുവിന്റെ ‘സേ ഇറ്റ് (Say it)’ പ്രസ്താവനയുടെ തുടർച്ചയെന്നോണമായിരുന്നു ഗീതുവിന്റെ മറുപടി. ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ അലസമായി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് റീമ കല്ലിങ്കൽ ഗീതുവിന് പിന്തുണയുമായെത്തിയത്. സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെയും സമ്മതത്തെയും കുറിച്ചും, വ്യവസ്ഥിതികളെ സ്ത്രീകൾ എങ്ങനെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ഒക്കെ ലോകം ഇനിയും പഠിച്ചു വരുന്നതേയുള്ളൂവെന്നും, അത് പൂർത്തിയാകുന്നത് വരെ താൻ ജീവിതം ആസ്വദിക്കാൻ പോവുകയാണെന്നും റിമ കുറിച്ചു. ഈ കുറിപ്പ് അടങ്ങിയ വിഡിയോയുടെ സ്ക്രീൻഷോട്ട് ആണ് ഗീതു മോഹൻദാസ് പങ്കുവച്ചത്.
ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യങ്ങളെ ‘അശ്ലീലം’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്കുള്ള കൃത്യമായ മറുപടി എന്ന നിലയിലാണ് റിമ പോസ്റ്റ് പങ്കുവച്ചത്. റിമയുടെ പുതിയ പോസ്റ്റിനെതിരെയും വിമർശനങ്ങൾ സജീവമാണ്.
റീമയെ കൂടാതെ നടി ദിവ്യപ്രഭയും ആഷിക്ക് അബുവും ഗീതു മോഹൻദാസിന് പിന്തുണയുമായി എത്തിയിരുന്നു. “ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും…” എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലൈംഗികതയേയും സ്ത്രീശരീരത്തെയും മലയാളി സമൂഹം നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെ ഈ കുറിപ്പ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. ലൈംഗികതയെ ഒരു സ്വാഭാവിക പ്രക്രിയയായി കാണുന്നതിന് പകരം സദാചാരത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കുകയാണെന്നും ഇവർ വാദിക്കുന്നു. വൻ ബജറ്റിലൊരുങ്ങുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിലൂടെ ഗീതു മോഹൻദാസ് ഉയർത്തുന്ന സിനിമാറ്റിക്കായ ക്രാഫ്റ്റിനൊപ്പം തന്നെ, അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തോടും തങ്ങൾ ഒപ്പമുണ്ടെന്നാണ് ഗീതുവിന്റെ സുഹൃത്തുക്കൾ പ്രഖ്യാപിക്കുന്നത്. സ്ത്രീകളുടെ സ്വയംഭരണാധികാരത്തെയും ആനന്ദത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് റീമയുടെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തുടക്കമിട്ടു കഴിഞ്ഞു.
















