സ്വന്തം ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ചന്ദ്രരാജന്‍ ഇപ്പോള്‍ വേറൊരു കല്യാണവും കഴിച്ച് ജീവിക്കുന്നുണ്ട്. അപ്പോഴും അയാളുടെ പൈശാചിക ചിന്തയ്ക്ക് മാറ്റം വന്നിട്ടുണ്ടോയെന്ന സംശയം മാത്രം ബാക്കിയാകുന്നു. ഇന്നയാള്‍ ദൈവവചനം പ്രസംഗിക്കാറില്ലാ. അതിനുള്ള യോഗ്യത കൊലപാതകം നടത്തിയപ്പോഴേ നഷ്ടമായിരുന്നു. സ്വന്തം ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയിട്ടു വേണം അയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ജീവിക്കാന്‍. അതിനു വേണ്ടിയായിരുന്നു അരുംകൊല നടത്താനുള്ള തീരുമാനത്തിലേക്ക് പാസ്റ്റര്‍ ചന്ദ്രരാജന്‍ നീങ്ങിയത്.
1990 ഡിസംബര്‍ 3ലെ ഒരു മഞ്ഞുകാലത്തിന്റെ തണുപ്പുള്ള പ്രഭാതത്തിലാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമത്തിലെ പഞ്ചാംകുഴി പ്രദേശത്ത് ഈ കൊലപാതകം അരങ്ങേറിയത്. ദൈവത്തിന്റെ വഴിയില്‍ നിന്നും പിശാചിന്റെ വഴിയില്‍ ചന്ദ്രരാജന്‍ എത്തിപ്പെട്ടത് അവിടെയാണ്. അന്ന് ആ ഗ്രാമം ഉണര്‍ന്നത് ഒരു നിലവിളി കേട്ടുകൊണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെ നിസ്സഹായത നിഴലിക്കുന്ന അലറിക്കരച്ചില്‍. ദൈവവചനം പ്രസംഗിക്കുന്ന പാസ്റ്റര്‍ ചന്ദ്രരാജന്റെ വീടായിരുന്നു അത്. അവിടെ നിശ്ചലമായി കിടക്കുന്ന ശ്യാമള എന്ന ഇരുപത്തിയഞ്ചുകാരിയെ കണ്ടതിന്റെ ഢെട്ടലായിരുന്നു അലര്‍ച്ചയായി ഉയര്‍ന്നത്. മൂന്നര മാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനെ മാറോടണച്ചു കിടക്കുകയായിരുന്നു ശ്യാമള. പക്ഷെ ആ ശരീരത്തിന് ജീവനില്ല. തൊട്ടടുത്ത വീട്ടില്‍ നിന്നും ശ്യാമളയുടെ ഭര്‍ത്താവ് ചന്ദ്രരാജന്‍ ഓടിയെത്തി.
എല്ലാവരും ചേര്‍ന്ന് അവളെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ശ്യാമള ആശുപത്രിയില്‍ എത്തിക്കും മുമ്പു തന്നെ മരിച്ചിരുന്നു. അവള്‍ ആത്മഹത്യ ചെയ്തതാകും. ആശുപത്രി വരാന്തയില്‍ തലയില്‍ കൈവെച്ചിരുന്ന് ചന്ദ്രരാജന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു. ദൈവഭയമുള്ള, സുവിശേഷ പ്രസംഗകനായ ആ ഭര്‍ത്താവിന്റെ വാക്കുകളെ ആരും അവിശ്വസിച്ചില്ല. പക്ഷെ, ശ്യാമളയുടെ അച്ഛന്‍ രാജഗോപാല്‍ നാരായണന് ആ മരണം വിശ്വസിക്കാനായില്ല. കൈക്കുഞ്ഞിനെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ശ്യാമള, ആ കുഞ്ഞിനെ ഉപേക്ഷിച്ച് ജീവനൊടുക്കില്ലെന്ന് ആ അച്ഛന്റെ മനസ്സ് പറഞ്ഞു. വെള്ളനാട് പോലീസ് ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്തു.
ചന്ദ്രരാജന്‍ ഒരു പാസ്റ്ററാണ്, ദൈവവേല ചെയ്യുന്നയാള്‍. അയാള്‍ക്ക് തെറ്റ് ചെയ്യാന്‍ കഴിയുമോ?. നാട്ടുകാര്‍ക്കും സംശയമായിരുന്നു. എന്നാല്‍ ആ അച്ഛന്റെ കണ്ണുനീരും പരാതിയും കേസ് ക്രൈം ബ്രാഞ്ചിലേക്ക് എത്തിച്ചു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സോമരാജന്‍ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചു. ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ സോമശേഖരന്‍ നായര്‍ ഒപ്പം ചേര്‍ന്നു. ശ്യാമളയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കഥയാകെ മാറി. കരള്‍, വൃക്ക, രക്തം എന്നിവയില്‍ മാരകമായ ‘സോഡിയം സയനൈഡ്’ എന്ന വിഷാംശം കണ്ടെത്തി. സാധാരണ ഒരു വീട്ടമ്മയ്ക്ക് എവിടെ നിന്ന് സയനൈഡ് കിട്ടും?. അതൊരു ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു.
സംശയത്തിന്റെ മുനകള്‍ ചന്ദ്രരാജനിലേക്ക് നീണ്ടു. നാലുദിവസം ചന്ദ്രരാജന്‍ ഒളിവില്‍ പോയതും പോലീസിന്റെ സംശയം ബലപ്പെടുത്തി. ഒടുവില്‍ പോലീസ് അയാളെ പിടികൂടി. ചോദ്യം ചെയ്യലില്‍, വിശുദ്ധന്റെ മുഖംമൂടി അഴിഞ്ഞുവീണു. പുറത്തുവന്നത് ക്രൂരതയുടെ പര്യായമായ ഒരു ചെകുത്താനായിരുന്നു. മറ്റൊരു സ്ത്രീയുമായി ചന്ദ്രരാജന് അടുപ്പമുണ്ടായിരുന്നു. അവരെ വിവാഹം കഴിക്കാന്‍ ശ്യാമള ഒരു തടസ്സമായി. അങ്ങനെ അവളെ ഒഴിവാക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇതിനായി ഒരു സ്വര്‍ണ്ണപ്പണിക്കാരനെ സമീപിച്ചു. ‘വീട്ടിലെ പൂച്ച വല്ലാതെ ശല്യം ചെയ്യുന്നു, അതിനെ കൊല്ലാന്‍ കുറച്ച് സയനൈഡ് വേണം,’ എന്നായിരുന്നു ചന്ദ്രരാജന്‍ പറഞ്ഞ കള്ളം.
അഞ്ച് ഗ്രാം സയനൈഡ് കൈയില്‍ കിട്ടിയപ്പോള്‍ അയാള്‍ക്ക് ഒരു സംശയം, ഇത് കൊടുത്താല്‍ ശരിക്കും ചാകുമോ?. പരീക്ഷിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. വീട്ടിലെ പാവം പൂച്ചയ്ക്ക് ചോറില്‍ സയനൈഡ് കലര്‍ത്തി നല്‍കി. ചോറ് തിന്ന പൂച്ച നിമിഷങ്ങള്‍ക്കുള്ളില്‍ പിടഞ്ഞു മരിച്ചു. വിഷം ഫലപ്രദമാണെന്ന് ഉറപ്പായതോടെ അയാള്‍ അടുത്ത പദ്ധതിയിലേക്ക് കടന്നു. ഡിസംബര്‍ മൂന്നാം തീയതി രാവിലെ. ശ്യാമളയ്ക്ക് ഭര്‍ത്താവ് സ്‌നേഹത്തോടെ കാപ്പി ഇട്ടു നല്‍കി. അതില്‍ മാരകമായ സയനൈഡ് കലര്‍ത്തിയിരുന്നു. ഭര്‍ത്താവ് നല്‍കിയ കാപ്പി സന്തോഷത്തോടെ കുടിച്ച ശ്യാമള, വിഷം ഉള്ളില്‍ ചെന്ന് അധികം വൈകാതെ മരണത്തിന് കീഴടങ്ങി.
ഇതൊന്നും അറിയാതെ തൊട്ടടുത്ത് ആ പിഞ്ചുകുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. തെളിവുകള്‍ അക്കമിട്ടു നിരത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കോടതി ചന്ദ്രരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നീതി നടപ്പിലായി എന്ന് ലോകം കരുതി. വര്‍ഷങ്ങള്‍ 13-14 കഴിഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് ചന്ദ്രരാജന്‍ പുറത്തിറങ്ങി. അയാള്‍ വീണ്ടും വിവാഹിതനായി, മറ്റൊരു കുടുംബമായി സസന്തോഷം ജീവിക്കുന്നു. എന്നാല്‍, അമ്മയില്ലാത്ത കുഞ്ഞായി വളര്‍ന്ന ശ്യാമളയുടെ മകള്‍ക്ക് ഇന്ന് 28 വയസ്സുണ്ട്. ഒരു അധ്യാപികയായ അവള്‍ ഇന്നും നീതിക്കുവേണ്ടി പോരാടുകയാണ്. ശ്യാമളയുടെ പേരിലുള്ള സ്വത്തുക്കള്‍ വിട്ടുകിട്ടാന്‍, ചന്ദ്രരാജന്‍ എന്ന അച്ഛന്റെ ഒപ്പ് വേണം.
എന്നാല്‍ സ്വന്തം മകളോട് ക്രൂരത കാണിച്ച്, ആ സ്വത്ത് വിട്ടുകൊടുക്കാന്‍ അയാള്‍ ഇന്നും തയ്യാറായിട്ടില്ല. ദൈവവചനം പ്രസംഗിച്ചുകൊണ്ട് സ്വന്തം ഭാര്യയെ വിഷം കൊടുത്തു കൊന്ന ചന്ദ്രരാജന്‍, നിയമത്തിന് മുന്നില്‍ ശിക്ഷ അനുഭവിച്ചെങ്കിലും, മനസാക്ഷിക്ക് മുന്നില്‍ ഇന്നും കുറ്റവാളിയായി തുടരുന്നു. ശ്യാമളയുടെ ആത്മാവ് പഞ്ചാംകുഴിയിലെ ആ വീട്ടില്‍ നീതിക്കായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകാം.
CONTENT HIGH LIGHTS; Pastor who preaches the word of God who mixed cyanide in coffee and gave it to his wife to kill her: He became a child of the devil to start a life with his girlfriend; He also received punishment for the murder
















