ബീഹാർ നവാഡയിൽ മന്ത്രവാദം ചെയ്യുന്നതായി ആരോപിച്ച് അയൽവാസികൾ യുവതിയെ മർദിച്ചു കൊലപ്പെടുത്തി. കിരൺ ദേവി (35) ആണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു സംഭവം. കിരൺ ദേവിക്ക് മന്ത്രവാദം ഉണ്ടെന്ന് അയാൾവാസികൾ വിശ്വസിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി അയൽവാസിയായ മുകേഷ് ചൗധരിയുടെ മകൾക്ക് നിരന്തരമായി ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്കു തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് ഡോക്ടർ അറിയിച്ചു.
എന്നാൽ തന്റെ മകൾക്ക് ഈ അവസ്ഥ വരാൻ കാരണം കിരൺ ദേവി മന്ത്രവാദവും ദുരാചാരവും ചെയ്യുന്നതാണെന്ന് അവർ നിരന്തരം കുറ്റപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് ഇന്നലെ അയൽവീട്ടുകാർ ആയ മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവർ കിരൺ ദേവിയുടെ വീട്ടിലേക്ക് എത്തുകയും ഇഷ്ടികയും കല്ലും ഇരുമ്പുദണ്ഡുകളും കൊണ്ട് അതിക്രൂരമായി മർദിക്കുകയും ചെയ്തത്. ആക്രമണത്തിനിടെ കിരൺദേവിയുടെ ഇളയ സഹോദരന്റെ ഭാര്യ ലളിതദേവിക്കും മൂത്ത സഹോദരന്റെ ഭാര്യക്കും പരിക്കേറ്റു.
പരുക്കേറ്റ ഇവരെ ഉടൻ തന്നെ ഉപജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോക്ടർ കിരൺ ദേവിക്ക് പ്രഥമശുശ്രൂഷ നൽകിയെങ്കിലും അമിതമായ രക്തസ്രാവം മൂലം ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, വഴിമധ്യേ കിരൺ ദേവി മരിച്ചു. ഇവർക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ട്.















