മൊബൈൽ ഫോണിന്റെ കവറിൽ പൈസ, എടിഎം കാർഡ് മുതലായവ സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. പഴ്സ്കൊണ്ടു നടക്കാനുള്ള മടി കാരണമാണ് മിക്ക ആളുകളും ഫോൺ കവർ പഴ്സ് ആക്കി മാറ്റുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ നശിക്കുന്നത് ഫോണിന്റെ കവർ മാത്രമല്ല, ഫോണിനെയും അത് കൊണ്ടുനടക്കുന്ന ആളും കൂടിയാണ്.
ഫോണുകൾ ഉപയോഗിക്കുന്നത് അനുസരിച്ച് ചൂടാക്കാറുണ്ട്. പുതിയ പല സ്മാർട്ട്ഫോണുകളും ഫോൺ അമിതമായി ചൂടാകാതിരിക്കാനുള്ള കൂളിങ് സിസ്റ്റവും എന്തിനേറെ, ഫാൻ വരെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം കൂളിങ് സംവിധാനങ്ങൾ ഇല്ലാത്ത സ്മാർട്ട്ഫോണുകളും ഉണ്ട്. ഫോൺ ചൂടാകുമ്പോൾ ഇടയിൽ ഇത്തരം സാധനങ്ങൾ ഇരിക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കും. ഇത് ഫോൺ ചൂട് കൂടി പൊട്ടിത്തെറിക്കുന്നതിലേക്ക് വരെ നയിച്ചേക്കാം. അതിപ്പോൾ കൂളിങ് സംവിധാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്മാർട്ട്ഫോൺ കവറിനുള്ളിൽ ഒന്നും സൂക്ഷിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്, നമ്മുടെയും ഫോണിന്റെയും.
ഇത് കൂടാതെ ഫോണിന്റെ പിന്നിൽ ബാങ്ക് കാർഡുകളും മറ്റും സൂക്ഷിക്കുന്നത് കവറേജ് പ്രശ്നത്തിനും ഇടയാക്കാറുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് പല ഫോണുകളുടെയും ആന്റിനകൾ അവയുടെ മുകൾ ഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. റിയർ പാനലിന്റെ മുകളിലായി പണമോ കാർഡുകളോ സൂക്ഷിക്കുന്നത് ആന്റിനയ്ക്ക് ഫോണിലേക്ക് സിഗ്നലുകൾ ശരിയായി സ്വീകരിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. അതുകൊണ്ട് ഫോണിന്റെ കവറിനെ ഇനി മുതൽ പേഴ്‌സ് ആയിട്ട് കാണാതിരിക്കുക.
















