ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്‌സിക് സിനിമയിൽ യഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടീസറിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായത് യഷിനൊപ്പം അഭിനയിക്കുന്ന നടി ആരാണെന്നാണ്. നതാലി ബേൺ എന്ന യുക്രൈൻ– അമേരിക്കൻ നടിയാണ് എന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ നതാലി അല്ല യഷിനൊപ്പം കാറിലെ ഹോട്ട് രംഗങ്ങളില്‍ ഉള്ളത് എന്ന് സംവിധായിക ഗീതു മോഹൻദാസ് തന്നെ ഒടുവിൽ സ്ഥിരീകരിച്ചിരിക്കുകയാണ്.

‘ഈ സുന്ദരിയാണ് എന്റെ സെമിത്തേരി ഗേൾ’ എന്ന് പറഞ്ഞ് ഗീതു ബിയാട്രിസ് ബാച്ച് എന്ന നടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് നതാലി അല്ല ആ നടിയെന്ന് ആരാധകർ പറയുന്നത്. ഗീതുവിന്റെ ഇൻസ്റ്റ സ്റ്റോറി കണ്ടതോടെ നതാലി ബേൺ അല്ല സെമിത്തേരിയിലെ കാർ രംഗങ്ങളിലുള്ള നടിയെന്നായി പ്രേക്ഷകർ. ടീസറിൽ മറ്റ് നടിമാര്‍ ആരും ഇല്ലാത്തതിനാലും സെമിത്തേരി രംഗത്തിൽ ഉള്ളത് ഒരു നടി മാത്രമാണെന്നതിനാലും ഗീതു ഉദ്ദേശിച്ചത് ബിയാട്രിസ് ബാച്ചിനെ തന്നെയാണെന്നാണ് ആരാധകപക്ഷം.
യഷിന്റെ ഇന്‍ട്രൊ ടീസർ ഇറങ്ങിയതിന് പിന്നാലെ നതാലി ബേൺ ആണെന്നതിലേക്ക് എത്താൻ കാരണം നതാലി തന്നെ ഇൻസ്റ്റയില്‍ ചിത്രത്തിന്റെ ടീസറും ഇന്ത്യൻ മാധ്യമങ്ങളിൽ നതാലി ആരെന്ന വാർത്തകളും എല്ലാം പങ്കുവച്ചിരുന്നു. ടോക്സസിക്കിന്റെ കാസ്റ്റ് ലിസ്റ്റിലും നതാലി ബേണിന്റെ പേരുണ്ട്. ഇതോടെ ടോക്സിക്കിൽ മറ്റേതെങ്കിലും വേഷത്തിലാകും നതാലി എത്തുക എന്നാണ് പുതിയ നിഗമനം.
ടോക്‌സിക് മാർച്ച് 19 ന് ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കിയാര അദ്വാനിയും രുക്മിണി വസന്തും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
















