ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധനക്കെത്തി. ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) പരിശോധന. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് സംഘമെത്തിയത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അമ്പേഷിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50 യോടെയാണ് പരിശോധന തുടങ്ങിയത്.
വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എട്ടുപേരടങ്ങിയ എസ്‌ഐടി സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്‌ഐടി സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
















