പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ പ്രഭാസ് ചിത്രമാണ് ‘ദ് രാജാസാബ്’. വിമർശനങ്ങൾക്കിടയിലും ചിത്രം നൂറ് കോടി കലക്‌ഷൻ സ്വന്തമാക്കി. ‘ബാഹുബലി’എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ആദ്യദിനം തുടർച്ചയായി 100 കോടി നേടുന്ന ആറാമത്തെ പ്രഭാസ് ചിത്രമാണ് ‘രാജാസാബ്’.
അതേസമയം ‘രാജാസാബി’ൽ നിന്നും പ്രഭാസിന്റെ ‘വയസ്സൻ’ ഗെറ്റപ്പ് ഒഴിവാക്കിയതിൽ പ്രതികരിച്ച് സംവിധായകൻ മാരുതി രംഗത്തെത്തി. സമയദൈർഘ്യം മൂലമാണ് സിനിമയിൽ നിന്നും പ്രഭാസിന്റെ വയസ്സൻ ഗെറ്റപ്പ് ഒഴിവാക്കിയതെന്നും ആരാധകർ നിരാശരായതിനാൽ ആ രംഗം ചേർത്ത് സിനിമയുട പുതിയ പതിപ്പ് റിലീസ് ചെയ്യുമെന്നും മാരുതി അറിയിച്ചു.
‘‘നിരവധി പ്രഭാസ് ആരാധകർ നിരാശരാണ്, അവർ പൂർണമായും തൃപ്തരല്ല. അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത്, ഞങ്ങൾ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തുകയും വയസ്സൻ ഗെറ്റപ്പിലുള്ള പ്രഭാസിന്റെ രംഗം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതുക്കിയ പതിപ്പ് ഇന്ന് വൈകുന്നേരം 6 മണി മുതൽ പ്രദർശിപ്പിക്കുന്നതാണ്.’’മാരുതിയുട വാക്കുകൾ.
മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ വലിയ വിമർശനവുമായാണ് എത്തുന്നത്. കഥയുടെയും മേക്കിങിന്റെയും നിലവാരമില്ലായ്മയാണ് ആളുകൾ എടുത്തു പറയുന്നത്. പല രംഗങ്ങളിലും പ്രഭാസിന്റെ തല വരെ വിഎഫ്എക്സ് വച്ച് വെട്ടി ചേർത്തിരിക്കുകയാണെന്നും ഇവർ പറയുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമ സംവിധാനം ചെയ്തത് മാരുതിയാണ്. മാളവിക മോഹനൻ, നിഥി അഗർവാൾ, റിദ്ധി കുമാർ എന്നിവർ നായികമാരാകുന്നു. സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ്, ബൊമ്മൻ ഇറാനി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ടി.ജി. വിശ്വ പ്രസാദ് നിർമിക്കുന്ന സിനിമയുടെ മുടക്ക് 450 കോടിയാണ്. പ്രഭാസ്, സഞ്ജയ് ദത്ത് അടക്കമുള്ളവരുടെ പ്രതിഫലം, വിഎഫ്എക്സ് എന്നിവയാണ് ബജറ്റ് ഇത്രയധികം ഉയരാൻ കാരണം.
തമൻ ആണ് സംഗീതം. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ. ഡെക്കാൻ ഡ്രീംസ് ആണ് വിഎഫ്എക്സ്. 2022ൽ ഗോപി ചന്ദ് നായകനായെത്തിയ പക്ക കമേഴ്സ്യൽ ആണ് മാരുതി അവസാനമായി സംവിധാനം ചെയ്ത സിനിമ. ‘കൽക്കി’ക്കുശേഷം പ്രഭാസ് നായകനായെത്തുന്ന രാജാസാബ് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്തത്.
















