മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30 ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്.
പുലർച്ചെയോടെ തന്നെ രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുത്തു.
പഴുതടച്ച പൊലീസ് നീക്കത്തിലാണ് രാഹുൽ പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ നിന്ന് പിടിയിലായത്. റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷം മുറിയിൽ മറ്റാരുമില്ലെന്ന് പൊലീസ് ഉറപ്പാക്കി. തുടർന്ന് 12.15ഓടെ മുറിയിലെത്തി. 12.30ന് കസ്റ്റഡി നടപടി പൂർത്തിയാക്കി.
പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ ജനുവരി 21വരെ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായ ബലാത്സംഗം ചെയ്തെന്ന് അതീജിവിത നൽകിയ പരാതിയിൽ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ തന്നോട് നിർബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പറയുന്നു.
















