മൂന്നാമത്തെ ബലാത്സംഗ കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം നീങ്ങിയത് അതീവ രഹസ്യമായി. പ്രതിരോധിക്കാനോ കരുക്കൾ നീക്കാനോ സമയം നൽകാതെ പുലർച്ചെ അതീവ നാടകീയമായ നീക്കങ്ങൾക്ക് ശേഷമാണ് പാലക്കാട്ടെ കെ പി എം ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അതിജീവിതയിൽ നിന്ന് വേണ്ട തെളിവുകൾ ശേഖരിച്ച് മൊഴിരേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി എം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്ന് പിടികൂടുന്നത്.
പരാതിയുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന് പൂങ്കുഴലി ഐപിഎസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എ ആര്‍ ക്യാമ്പില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഐജി ജി. പൂങ്കുഴലി എ ആര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്.
മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.
ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. മുമ്പ് രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് പരാതികളെ അപേക്ഷിച്ച് നേരിട്ടുള്ള കൂടുതല്‍ തെളിവുകള്‍ ഉള്ള കേസായതിനാല്‍ തന്നെ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുകയാണ്.
















