നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു.
രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പൂജ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളുമായി സംസാരിക്കും. രാവിലെ 11 മണിക്ക് കവടിയാറിൽ വച്ചാണ് ബിജെപി ജനപ്രതിനിധി സമ്മേളനം.
ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
















