കൊച്ചി കാക്കനാട് ഒന്നാം ക്ലാസുകാരൻ കണ്ടത് തന്റെ സ്കൂൾ ബാഗിൽ ഒരു നീളൻ മൂർഖൻ പാമ്പിനെ. ശനിയാഴ്ച രാവിലെയാണ് സംഭവം കാക്കനാട് അത്താണി ജംഗ്ഷന് സമീപം താമസിക്കുന്ന ബിസിനസുകാരനായ അബ്ദുൽ അസീസിന്റെ വീട്ടിൽ ആണ് സംഭവം നടന്നത്.
വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന ശേഷം കുട്ടി ബാഗ് വീടിനുള്ളിലെ ഹാളിലെ തറയിൽ വെച്ചിരുന്നു. ശനിയാഴ്ച രാവിലെ പതിവ് പോലെ വീട്ടുജോലിക്കാരി ബാഗ് വൃത്തിയാക്കാൻ എടുത്തപ്പോഴാണ് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. തുടർന്ന്, സംശയം തോന്നി ബാഗിന്റെ സിബ്ബ് തുറന്നപ്പോഴാണ് നീളമുള്ള ഒരു മൂർഖൻ പാമ്പിനെ കണ്ടത്.
ഉടൻ തന്നെ വീട്ടിലുള്ളവർ നീളമുള്ള ഒരു കമ്പു ഉപയോഗിച്ച് ബാഗ് പുറത്തേക്ക് തള്ളിമാറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനുശേഷം, പാമ്പിനെ പിടികൂടാനായി എറണാകുളം സർപ്പ സ്നേക്ക് റെസ്ക്യൂ അംഗം റിൻഷാദ് നാസറിനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പിടികൂടിയ മൂർഖൻ പാമ്പിനെ തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറി
















