മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. നേതാവ് ടി.പി. രാമകൃഷ്ണൻ രംഗത്ത്. കോൺഗ്രസ് നേതാക്കൾ രാഹുലിന് പിന്തുണയും സംരക്ഷണവുമാണ് നൽകുന്നതെന്നും, രാജി ആവശ്യപ്പെടാനുള്ള ധാർമിക ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് എൽ.ഡി.എഫ്. കൺവീനർ കൂടിയായ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. “രാഹുലിനെതിരായ ആരോപണം അതീവ ഗുരുതരമാണ്. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ, കോൺഗ്രസ് പരാതിക്കാരിയെ കേൾക്കണം. എം.എൽ.എ.യെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം,” അദ്ദേഹം ആവശ്യപ്പെട്ടു.
സമാനമായ ഒരു പരാതി സി.പി.എം. എം.എൽ.എ.യായിരുന്ന മുകേഷിനെതിരെ ഉയർന്നപ്പോൾ അത് ചർച്ചയായ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. “മുകേഷിന്റെ സമാനമായ പരാതിയാണോ ഇതും, എന്നാൽ അതിലേറെ ഗുരുതരമാണ് രാഹുലിനെതിരായ ആരോപണങ്ങൾ. ആ പരാതിക്ക് ശേഷം എന്ത് സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാമല്ലോ,” അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
















