മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ തണുത്ത പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് രാഹുൽ പാർട്ടിയിൽ ഇല്ലല്ലോ എന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം. രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്ന് എൽഡിഎഫിന് പറയാമല്ലോ, സത്യം അതൊന്നുമല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ അർധരാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽവെച്ച് രാത്രി 12.30നായിരുന്നു കസ്റ്റഡിയിലെടുക്കൽ, പിന്നാലെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റ് രണ്ടു കേസുകളിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി.
















