പത്തനംതിട്ട അടൂരിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റെയും ആര്യയുടെയും മകനായ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.വീട് പണിയുന്നതിനായി വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ജനൽ കട്ടിള കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്.
അപകടം നടന്ന ഉടൻ തന്നെ വീട്ടുകാരും അയൽവാസികളും ചേർന്ന് കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദ്രുപത്.
















