മധുരമുള്ള ഈ പാൻകേക്ക് മുമ്പിൽ വയ്ക്കുന്നതിനു മുമ്പു തന്നെ കുസൃതികൾ അകത്താക്കും. രുചികരവും ആരോഗ്യകരവുമായി ഈ സ്നാക്ക് വൈകുന്നേരം വിളമ്പാം.
ഗോതമ്പുപൊടി – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മുട്ട അടിച്ചത് – ഒരു വലിയ സ്പൂൺ
പാൽ – നാലു വലിയ സ്പൂൺ
തണുത്ത വെള്ളം – ഒരു വലിയ സ്പൂൺ
വെണ്ണ – ഒരു വലിയ സ്പൂൺ
ഫില്ലിങ്ങിന്
റാസ്പ്ബെറി ജാം – ഒരു വലിയ സ്പൂൺ
പൈനാപ്പിൾ ജ്യൂസ് – മൂന്നു വലിയ സ്പൂൺ
കോൺഫ്ളവർ – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
പൈനാപ്പിൾ വേവിച്ച് അരിഞ്ഞത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടിയും ഉപ്പും യോജിപ്പിച്ച് ഇടഞ്ഞെടുക്കണം.ഇതിനു നടുവിൽ ഒരു കുഴിയുണ്ടാക്കി, അതിൽ മുട്ടയും പാലും വെള്ളവും ഒഴിച്ച് ഗോതമ്പുപൊടിയുമായി യോജിപ്പിച്ചു നന്നായി അടിക്കുക. ഈ മിശ്രിതം ഏതാനും മിനിറ്റ് അനക്കാതെ വയ്ക്കണം. ഒന്നു കൂടി അടിച്ചശേഷം വെണ്ണ പുരട്ടിയ ഫ്രൈയിങ് പാനിൽ ഒഴിച്ചു പരത്തി ഇരുവശവും വേവിച്ചെടുക്കണം. ഫില്ലിങ് തയാറാക്കാൻ ജാമും പൈനാപ്പിൾ ജ്യൂസും യോജിപ്പിച്ച് അഞ്ചു മിനിറ്റ് തുടരെയിളക്കിക്കൊണ്ടു തിളപ്പിക്കുക. അരിച്ചെടുത്തശേഷം വീണ്ടും പാനിലാക്കുക.കോൺഫ്ളവർ ഒരു ചെറിയ സ്പൂൺ വെള്ളത്തിൽ കലക്കി പേസ്റ്റു പരുവത്തിലാക്കിയത് ജാം-ജ്യൂസ് മിശ്രിതത്തിൽ ചേർക്കണം. മൂന്നു മിനിറ്റ് തുടരെയിളക്കി തിളപ്പിച്ചശേഷം നാരങ്ങാനീരും പൈനാപ്പിൾ ജ്യൂസും ചേർത്തിളക്കി ചൂടാക്കണം. ഇതാണ് ഫില്ലിങ്. ഓരോ പാൻകേക്കിനുള്ളിലും തയാറാക്കിയ ഫില്ലിങ് അൽപം വീതം വച്ചു പുരട്ടി, മുകളിൽ അൽപം ജാം കൊണ്ട് അലങ്കരിച്ചു വിളമ്പാം.
















