പ്രഭാതങ്ങളിൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പിയാണ് ബനാന മിൽക്ക് അപ്പം. സാധാരണയായി അപ്പം തയ്യാറാക്കാൻ മാവ് പുളിപ്പിക്കേണ്ടി വരാറുണ്ട്. എന്നാൽ, ഈ അപ്പമുണ്ടാക്കാൻ മാവ് പുളിപ്പിക്കണ്ട. പാലും നേന്ത്രപ്പഴവും മാത്രം മതി ഈ പലഹാരമുണ്ടാക്കാൻ.
ചേരുവകൾ
നെയ്യ്
പഴം
പാൽ
സേമിയ
പഞ്ചസാര
മുട്ട
ഏലയ്ക്കാപ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചീനചട്ടി അടുപ്പത്ത് വച്ച് ഒരു സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. ചൂടായ നെയ്യിലേക്ക് ഒരു പഴം ചെറുതായി അരിഞ്ഞത് ചേർത്തിളക്കിയെടുക്കുക. മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് പാലൊഴിച്ച് തിളപ്പിക്കുക, ഇതിലേക്ക് ഒരു കപ്പ് വറുത്ത സേമിയ ചേർക്കുക. പാൽ വറ്റി വരുമ്പോൾ അതിലേക്ക് രണ്ടു ടേബിൾസ്പൂൺ പാല് കൂടി ചേർത്ത് അടുപ്പിൽ നിന്ന് മാറ്റി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പഴം ചേർക്കുക. ഒരു ബൗളിൽ നാലു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് ഒരു ടേബിൽ സ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു നുള്ള് ഉപ്പ്, രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര, അരക്കപ്പ് പാൽ എന്നിവയും ചേർത്തിളക്കാം. തുടർന്നു മാറ്റിവെച്ചിരിക്കുന്ന പാലിലേയ്ക്കിതു ചേർത്തിളക്കിയെടുക്കാം. വളരെ കുറഞ്ഞ ഫ്ലെയ്മിൽ ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിനു മാവൊഴിച്ച് അപ്പം ചുട്ടെടുക്കാം.















