പ്രസവിക്കാൻ താൽപര്യമില്ലെന്നും കുഞ്ഞുങ്ങളെ ദത്തെടുക്കാനാണ് ആഗ്രഹമെന്നും വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. ചെറുപ്പത്തിലേ തന്നെ ദത്തെടുക്കണം എന്ന ആഗ്രഹം തോന്നിയിരുന്നു എന്നും സുസ്മിത സെൻ ആണ് അതിന് പ്രചോദനമായതെന്നും നടി പറഞ്ഞു. മകളുടെ പേര് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി. യൂട്യൂബ് ചാനലായ ഹൗട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിൽ ആണ് പാർവതി മനസുതുറന്നത്.
‘കുട്ടിക്കാലത്ത് തന്നെ അമ്മയാകണം എന്ന് തോന്നിയിരുന്നു. ഏഴ് വയസ്സിൽ തന്നെ കുഞ്ഞിന്റെ പേര് വരെ കണ്ടുവച്ചിരുന്നു. എന്നാൽ മുതിർന്നപ്പോൾ തന്റെ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിൽ താൽപര്യമില്ലാതായി. ഇപ്പോൾ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം. നന്നേ ചെറുപ്പത്തിലേ തന്നെ ദത്തെടുക്കണം എന്ന ആഗ്രഹം തോന്നിയിരുന്നു. സുസ്മിത സെൻ ആണ് അതിന് പ്രചോദനമായത്. സുസ്മിതയുടെ ഇന്റർവ്യൂകൾ കണ്ട് ഞാൻ മാതാപിതാക്കളോട് ദത്തിനെക്കുറിച്ച് സംസാരിക്കുമായിരുന്നു, അന്ന് അവർ അത് കാര്യമാക്കിയില്ല. പക്ഷേ ഇന്ന് ഞാൻ സീരയസ് ആണെന്ന് അമ്മയ്ക്ക് അറിയാം. എന്റെ അണ്ഡം ശീതീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ദത്ത് എടുക്കാൻ ഞാൻ ഒരിക്കൽ തയാറായേക്കും. മകളുടെ പേര് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട്.
എല്ലാവർക്കും അവരുടേതായ തീരുമാനമുണ്ട്. എന്റേ പല തീരുമാനങ്ങളും പലതവണ മാറിയിട്ടുണ്ട്. അമ്മയാകുന്നതിനായാണ് ഞാൻ ജനിച്ചത് എന്ന് വരെ തോന്നിയിട്ടുണ്ട്. ഭാഗ്യത്തിന് അന്നാ ചിന്തയിൽ നിന്ന് ഞാൻ പുറത്ത് കടന്നു. ദൈവത്തിന് നന്ദി. അന്നത്തെ ആ ഞാൻ ഇന്ന് എവിടെയും ഇല്ല. പക്ഷേ പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. അത് എനിക്ക് എന്റെ വളർത്തുനായയിൽ നിന്ന് ലഭിച്ചതാണ്. ഒരു കുഞ്ഞ് വേണമെന്ന് ഭാവിയിൽ തോന്നിയാല്‍ അത് എന്റെ പങ്കാളിയുടെയും അംശങ്ങൾ ഉള്ള ഒരു കുഞ്ഞ് വേണമെന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്നാൽ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതൽ കുട്ടികളെ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല’. എന്നും പാർവതി അഭിമുഖത്തിൽ വ്യക്തമാക്കി.
കുട്ടിക്കാലത്തുണ്ടായ താന്‍ നേരിട്ട ദുരനുഭവങ്ങളും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഒരാള്‍ തന്‍റെ മാറത്ത് അടിച്ചിട്ട് പോയി. തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു. അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. പുറത്തുകൂടി നടക്കുമ്പോള്‍ പുരുഷന്മാരുടെ കൈകളിലേക്ക് ശ്രദ്ധിക്കണമെന്ന് തന്‍റെ അമ്മ പറയുമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.
















