മലിനജലം കുടിച്ച് രോഗബാധിതരായവർ മരിക്കുന്ന ദാരുണമായ സാഹചര്യം ഇൻഡോറിൽ തുടരുന്നു. ഭഗവാൻദാസ് ഭർണെ (64) എന്നയാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 23 ആയി ഉയർന്നു. 10 ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹം അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമായതിനെത്തുടർന്നാണ് മരിച്ചത്.
മരണസംഖ്യ ഉയരുന്നതിനൊപ്പം ഐസിയുവിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ദിവസങ്ങളായി മൂന്ന് രോഗികൾ വെന്റിലേറ്റർ സഹായത്തിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളും പരിശോധനകളും പുരോഗമിക്കുമ്പോഴും ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച ഭഗീരഥ്പുരയിൽ പരിഭ്രാന്തി തുടരുകയാണ്.
കുടിക്കാനും പാചകത്തിനും ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നത് വലിയ തോതിൽ നിർത്തിയതായും കുഴൽക്കിണർ, കുപ്പിവെള്ളം എന്നിവയെയാണു പകരം ആശ്രയിക്കുന്നതെന്നും താമസക്കാർ പറയുന്നു.
















