മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് രാവിലെ 11 മണിയോടെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രാഹുലിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. രാഹുലുമായി വിവിധ സ്ഥലങ്ങളില്‍ എത്തി സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ അടക്കം അന്വേഷണ സംഘത്തിന് ശേഖരിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം.
കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല.
ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടുകയെങ്കിലും പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം ജാമ്യാപേക്ഷയില്‍ വാദം തുടര്‍ന്നാല്‍ മതി എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ ആലോചന.
















