ചെന്നൈയിൽ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ എത്തിയ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയ്ക്ക് സമീപം രാജമംഗലത്തെ ആദി (28) ആണ് അജ്ഞാതസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് യുവാവ്.
ഞായറാഴ്ചയായിരുന്നു സംഭവം. കിൽപ്പോക്ക് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രസവത്തിനായി കൊണ്ടുവന്ന ഭാര്യയെ കാണാൻ ഞായറാഴ്ച അർധരാത്രി എത്തിയതായിരുന്നു ആദി. ഈ സമയത്താണ് ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗസംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം യുവാക്കൾ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















