മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്.
ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഹോട്ടൽ പരിസരത്ത് ഒരുക്കിയിരുന്നത്. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല.
തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി.
തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞു.
ഇന്ന് രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും തിരുവല്ലയിലേക്കു രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സംഘം ഹോട്ടലിനു മുൻപിൽ നിലയുറപ്പിച്ചിരുന്നു.
















