വീണ്ടുമൊരു ടിക്കറ്റ് കളക്ഷന്‍ റെക്കോര്‍ഡ് ഇടാന്‍ കാത്തിരിക്കുകയാണ് KSRTC. ഇന്ന് മകരജ്യോതി കണ്ട് ഇറങ്ങുന്ന ഭക്തര്‍ക്ക് യാത്രയൊരുക്കാന്‍ KSRTC സര്‍വ്വ സജ്ജമായിക്കഴിഞ്ഞു. ഭക്തര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനൊപ്പം KSRTC കളക്ഷന്‍ റെക്കോര്‍ഡ് കൂടി ഇടുമ്പോള്‍ ശബരിമല അയ്യപ്പനെക്കൊണ്ട് രണ്ടു ഗുണങ്ങളാണ് ഉണ്ടാകുന്നത്. മകരജ്യോതി കണ്ട് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് KSRTC പമ്പയില്‍ നിന്ന് 1000 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദര്‍ശനത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ്, പമ്പയില്‍ നിന്നുള്ള ദീര്‍ഘദൂരസര്‍വ്വീസുകള്‍, പാര്‍ക്കിംഗ് സര്‍ക്കുലര്‍ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടെ 204 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്.
ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂര്‍, എറണാകുളം അടക്കം വിവിധ സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നായി 248 ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമേയാണ് 548 ബസുകള്‍ കൂടി പ്രത്യേക സര്‍വ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്. ജനുവരി 12 മുതല്‍ തന്നെ ഹില്‍ടോപ്പില്‍ ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. അതിനാല്‍ ദീര്‍ഘദൂര ചെയിന്‍ ബസ്സുകള്‍ക്ക് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ സുഗമമായി സര്‍വീസ് നടത്താന്‍ സാധിക്കും. പോലീസ് നിര്‍ദ്ദേശപ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയില്‍ നിന്നും നിലക്കലില്‍ നിന്നും ദീര്‍ഘദുര സര്‍വിസുകളും ചെയിന്‍ സര്‍വിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുന്‍പ് സര്‍വീസ് നടത്തൂ.
പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ട് മുതല്‍ 21 കിലോമീറ്റര്‍ അകലെ നിലയ്ക്കല്‍ വരെ റോഡിന്റെ ഒരു വശത്ത് പാര്‍ക്ക് ചെയ്യും. പമ്പ-നിലയ്ക്കല്‍ ചെയിനുകള്‍ ത്രിവേണി പെട്രോള്‍ പമ്പ്, ദീര്‍ഘദൂര ബസുകള്‍ പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാല്‍ ഉടന്‍ ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിന്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ, ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിമാത്രമേ ചെറു വാഹനങ്ങള്‍ ഉണ്ടെങ്കില്‍ പമ്പയില്‍ നിന്നും കടത്തി വിടുകയുള്ളൂ.
CONTENT HIGH LIGHTS; KSRTC awaits collection record: KSRTC awaits pilgrims returning after visiting Makar Jyoti
















