തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് 22 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കുപറ്റിയതായും റിപ്പോർട്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ബാങ്കോക്കിന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ ആണ് അപകടം നടക്കുന്നത്.
ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്. മുകളിൽ നിന്ന് പാലം പണിയുകയായിരുന്ന ക്രെയിൻ താഴെ പാളത്തിൽ കൂടെ ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ട്രെയിനിന്റെ പാളം തെറ്റുകയും ഒരു ബോഗി പൂർണമായും നശിക്കുകയും ചെയ്തു. ട്രെയിനിന് തീപിടിച്ചെങ്കിലും ഉടനെ തന്നെ അണയ്ക്കാനായത് വാൻ ദുരന്തം ഒഴിവായി.
ട്രെയിനിൽ 200-ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. കംപാർട്ടുമെന്റുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്.
















