ഹൈദരാബാദിൽ സമൂഹമാധ്യമം വഴി അധിക്ഷേപിക്കുകയും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നും ഉള്ള നടി അനസൂയ ഭരദ്വാജിന്‍റെ പരാതിയിൽ 73 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഹൈദരാബാദിലെ ടെലിവിഷൻ അവതാരകരും ഇൻഫ്ലുവൻസർമാരും ഉൾപ്പെടുന്നവർക്കെതിരെയാണ് ഹൈദരാബാദ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഡിസംബർ 22ന് കന്നഡ നടൻ ശിവാജി സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തന്റെ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
നടിമാർ ശരീരം തുറന്നു കാണിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കണം എന്നും ശരീരം മറയുന്ന സാരി ധരിക്കണം എന്നും ശിവാജി വിവാദ പരാമർശം നടത്തി. ഇതിന്റെ ഭാഗമായി നടന്റെ പരാമർശത്തിൽ നടിയുടെ അഭിപായം എന്താണ് എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു.
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്യത്തെ അനുകൂലിച്ചാണ് അനസൂയ അഭിപ്രായം പറഞ്ഞത്. അടുത്ത ദിവസം ശിവാജി ഈ അഭിപ്രായത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനുശേഷമാണ് അനസൂയക്ക് സമൂഹമാധ്യമം വഴി അധിക്ഷേപങ്ങൾ വരാൻ തുടങ്ങിയത് എന്ന് നടി പരാതിയിൽ പറയുന്നു.
നടിക്ക് സമൂഹമാധ്യമങ്ങൾ വഴി ഒരു വിഭാഗം ആൾക്കാർ അധിക്ഷേപം നടത്തിയെന്നും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നും നടി പരാതിയിൽ പറയുന്നു. ഭാരതീയ നീതിന്യായ സംഹിതയിലെ ലൈംഗികാതിക്രമം( സെക്ഷൻ75), ലൈംഗികച്ചുവയോടെയുള്ള ആംഗ്യങ്ങൾ(79), വ്യാജ രേഖ ചമക്കൽ (336(4)), അപകീർത്തിപ്പെടുത്തൽ (356) തുടങ്ങിയവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
















