നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഞ്ജുവിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഇതുവരെ ആരും തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് സഞ്ജു സാംസൺ ബിജെപിയിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷന്റെ ഈ വിശദീകരണം. അതേസമയം, സ്ഥാനാർത്ഥി നിർണ്ണയ നടപടികൾ ബിജെപിയിൽ പുരോഗമിക്കുകയാണ്. നേമത്ത് താൻ തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴക്കൂട്ടത്ത് മത്സരിക്കാനുള്ള താൽപര്യം വി. മുരളീധരനും പരസ്യമാക്കിയിട്ടുണ്ട്. കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















