ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ വിജിലൻസ് ഔദ്യോഗികമായി കേസെടുത്തു. ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് നടപടി.
എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല നൽകിയിരിക്കുന്നത്. പ്രാഥമികമായി നടത്തിയ പരിശോധനയിൽ മാത്രം 36.24 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് സ്ഥിരീകരിച്ചു.
ദേവസ്വം ഉദ്യോഗസ്ഥരടക്കം വലിയൊരു സംഘം ഈ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലുണ്ടെന്നാണ് വിജിലൻസ് നൽകുന്ന സൂചന.
നെയ്യഭിഷേകം നടത്താൻ കഴിയാത്ത തീർത്ഥാടകർക്കായി 100 മില്ലി ലിറ്ററിന്റെ പാക്കറ്റുകളിൽ 100 രൂപ നിരക്കിലാണ് ആടിയ ശിഷ്ടം നെയ്യ് വിൽക്കുന്നത്. ടെംപിൾ സ്പെഷ്യൽ ഓഫീസർ കൈമാറുന്ന ഈ പാക്കറ്റുകൾ വിൽക്കുമ്പോൾ ലഭിക്കുന്ന തുക കൃത്യമായി അക്കൗണ്ടിൽ എത്തുന്നില്ലെന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.
പ്രാഥമിക അന്വേഷണത്തിൽ 13 ലക്ഷത്തിന്റെ കുറവ് കണ്ടെങ്കിലും, മൊത്തത്തിലുള്ള ക്രമക്കേട് 36 ലക്ഷം രൂപയുടേതാണെന്നാണ് വിജിലൻസ് ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്. എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















