മലയാള സിനിമയിലെ കരുത്തുറ്റ നടിമാരിൽ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ താൻ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ തുറന്നുപറയുകയാണ് താരം. തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്ന് പാർവതി പറയുന്നത് വെളിപ്പെടുത്തി. തെറാപ്പിയിലൂടെയാണ് താൻ ഈ ഘട്ടം മറികടന്നതെന്നും നടി പറഞ്ഞു.
2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. താൻ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തതയാണ് താൻ അനുഭവിച്ചത്. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നുവെന്നും പാർവതി പറഞ്ഞു. ഹൗട്ടർഫ്‌ളൈയിലെ പോഡ്കാസ്റ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
തെറാപ്പിയിലൂടെയാണ് താൻ ഇതിനെ മറികടന്നതെന്നും പാർവതി കൂട്ടിച്ചേർത്തു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോഴുള്ളത്. ഇഎംഡിആർ (ഐ മൂവ്‌മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്) ആണ് ഒന്ന്. മാനസികാഘാതം അഥവാ ട്രോമയെ അടിസ്ഥാനമാക്കി ചികിത്സിക്കുന്ന തെറാപ്പിസ്റ്റിനെയാണ് ഇതിനായി സമീപിക്കുന്നത്. കൂടാതെ തനിക്കൊരു സെക്‌സ് തെറാപ്പിസ്റ്റ് ഉണ്ടെന്നും പാർവതി തിരുവോത്ത് പറഞ്ഞു.
ഇപ്പോഴത്തെ തെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നിട്ടുണ്ട്. പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ താൻ ആരാണെന്ന മുൻധാരണകളില്ലാത്ത തെറാപ്പിസ്റ്റിനെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയുരുന്നു. ആദ്യസമയത്തെ തെറാപ്പിസ്റ്റുകൾ യുഎസ്സിൽ നിന്നുള്ളവരായിരുന്നു. അവരുടെ സമയമനുസരിച്ച് പുലർച്ചെ ഒരുമണിക്കും രണ്ട് മണിക്കുമെല്ലാമായിരുന്നു തെറാപ്പി സെഷനുകളെന്നും പാർവതി കൂട്ടിച്ചേർത്തു.
















