അഞ്ച് മണിക്കൂർ അടച്ചിട്ടതിന് ശേഷം, രാത്രിയോടെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറന്നു. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞുവെന്നും തിങ്കളാഴ്ചയ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണ് വിവരം. ഭീകരബന്ധമാരോപിച്ചുള്ള അറസ്റ്റുകൾ രാജ്യമെങ്ങും ഇന്നലെയും തുടർന്നു. ഇന്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടില്ല. രാവിലെ 4 മണിക്കൂറുകളോളം വ്യോമപാത ഇറാൻ അടച്ചു. ഒട്ടേറെ രാജ്യാന്തര വിമാനസർവീസുകൾ വഴിതിരിച്ചുവിട്ടു. ഉച്ചയോടെ വ്യോമപാത തുറന്നു.
അതേസമയം ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതു കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവച്ചെന്നും വിവരം ലഭിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉടൻ ആക്രമണമില്ലെന്ന സൂചനയും നൽകി. ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
















