പ്രണയം ചിലർക്ക് ത്യാഗമാണെങ്കിൽ മറ്റു ചിലർക്ക് അത് വെറുമൊരു ഉപകരണം മാത്രമാണ്. വിശ്വസിച്ച് കൈപിടിച്ചവർ തന്നെ നെഞ്ചിൽ കത്തിയിറക്കുമ്പോൾ തകർന്നുപോകുന്നത് ഒരു ആയുസ്സിന്റെ മുഴുവൻ പ്രതീക്ഷകളാണ്. അതിർത്തിയിൽ രാജ്യത്തിന് കാവൽ നിൽക്കുമ്പോഴും സ്വന്തം ജീവിതത്തിന് കാവലാകേണ്ടവൾ തന്നെ ചതിയുടെ വലക്കണ്ണികൾ നെയ്യുന്നുണ്ടെന്ന് ആ യുവാവ് അറിഞ്ഞില്ല.
സ്നേഹിച്ചവർ നൽകിയ കൊടും ചതിയുടെ ആഴം അളക്കാനാവാതെ, ഒടുവിൽ മരണത്തെ പുൽകേണ്ടി വന്ന ഒരു സൈനികന്റെ കണ്ണീരണിയിക്കുന്ന കഥയാണിത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തുമ്മനപ്പള്ളി എന്ന ശാന്തമായ ഗ്രാമത്തെ നടുക്കിയ ആ ചതിയുടെ കഥ
തുമ്മനപ്പള്ളി ഗ്രാമത്തിന് അല്പം മാറിയുള്ള ആ വലിയ പാറക്കെട്ട് ഗ്രാമവാസികൾക്ക് വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള ഇടമായിരുന്നു. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ 18-ന് അവിടം ഒരു മരണക്കളമായി മാറി. പാറയ്ക്ക് മുകളിൽ വട്ടമിട്ടു പറക്കുന്ന കാക്കകൾ എന്തോ വലിയ വിപത്ത് സൂചിപ്പിക്കുന്നുണ്ടായിരുന്നു.
അന്വേഷിച്ചു ചെന്ന ഗ്രാമവാസികൾ കണ്ടത് ചിതറിക്കിടക്കുന്ന ബിയർ കുപ്പികൾക്കും കീടനാശിനി പൊടികൾക്കും ഇടയിൽ ചേതനയറ്റു കിടക്കുന്ന ഒരു യുവാവിനെയാണ്. പോലീസ് എത്തിയപ്പോഴാണ് ആ നടുക്കുന്ന സത്യം ഗ്രാമം തിരിച്ചറിഞ്ഞത്; മരിച്ചത് തങ്ങളുടെ പ്രിയപ്പെട്ട ധനുഷ്കുമാറാണ്. ജമ്മു കശ്മീരിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന ധനുഷ്കുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.
ഒരു പട്ടാളക്കാരനെ തന്നെ വിവാഹം കഴിക്കണമെന്ന അനിതയുടെ വാശിക്കുമുന്നിൽ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു. ഫെബ്രുവരിയിൽ നടന്ന ആ കല്യാണം നാടൊട്ടുക്കും ആഘോഷിച്ചു. വിവാഹം കഴിഞു ഒരു മാസത്തിനുള്ളിൽ ധനുഷ് കുമാറിന് തിരികെ ജോലിക്ക് പോകേണ്ടി വന്നു.
എന്നാൽ, മഞ്ഞുമലകളിൽ രാജ്യത്തിന് കാവൽ നിൽക്കുമ്പോഴും ധനുഷ്കുമാറിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. താൻ വിളിക്കുമ്പോഴെല്ലാം അനിതയുടെ ഫോൺ ബിസിയാകുന്നതും, വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിട്ടും തന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതും അവനിൽ സംശയത്തിന്റെ വിത്തുപാകി.
നാട്ടിലുള്ള സുഹൃത്തുക്കളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട ധനുഷ്കുമാർ കേട്ട സത്യം ഞെട്ടിക്കുന്നതായിരുന്നു. അനിതയ്ക്ക് വിവാഹത്തിന് മുൻപേ തന്റെ ബന്ധുവായ അൻപുവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം ആരെയും സംശയിപ്പിക്കാതെ തുടർന്നു കൊണ്ടുപോകാനാണ് അവൾ ഒരു പട്ടാളക്കാരനെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
ഭർത്താവ് അതിർത്തിയിലായിരിക്കുമ്പോൾ കാമുകനുമായി സ്വതന്ത്രമായി വിഹരിക്കാമെന്നായിരുന്നു അവളുടെ കണക്കുകൂട്ടൽ. എന്നാൽ ഓഗസ്റ്റിൽ അവധിക്ക് നാട്ടിലെത്തിയ ധനുഷ്കുമാർ അനിതയുടെ ഫോൺ പരിശോധിച്ചതോടെ ചതിയുടെ തെളിവുകൾ കണ്മുന്നിൽ തെളിഞ്ഞു. അവളുടെ ഫോണിലെ ഇന്റിമേറ്റ് വീഡിയോകളും ചിത്രങ്ങളും ആ സൈനികന്റെ ഹൃദയം തകർത്തു കളഞ്ഞു.
താൻ ജീവന് തുല്യം സ്നേഹിച്ചവളുടെ വഞ്ചന ധനുഷ്കുമാറിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അനിതയുടെ വീട്ടുകാർ അവളെ ന്യായീകരിക്കുക കൂടി ചെയ്തതോടെ അവൻ പൂർണ്ണമായും ഒറ്റപ്പെട്ടു. ഒടുവിൽ താൻ സ്നേഹിച്ചവൾക്ക് ഒരു ശല്യമോ ഭാരമോ ആവാതിരിക്കാൻ അവൻ ആ കടുംകൈ ചെയ്യാനായി തീരുമാനിച്ചു.
സെപ്റ്റംബർ 17-ന് രാത്രി, മറിക്കാൻ പോകുന്നതിന് തൊട്ടുമുൻപ് അവൻ അനിതയ്ക്ക് ഒരു വോയിസ് മെസ്സേജ് അയച്ചു. “അൻപുവുമായുള്ള നിന്റെ ബന്ധം എനിക്കറിയാം. നിങ്ങളുടെ ജീവിതത്തിന് ഞാനൊരു തടസ്സമാകാൻ ആഗ്രഹിക്കുന്നില്ല. നീ സന്തോഷമായി ജീവിക്കൂ…” എന്നായിരുന്നു ആ സന്ദേശം.
ആ വലിയ പാറക്കെട്ടിന് മുകളിൽ ഒരു പട്ടാളക്കാരന്റെ ജീവൻ പൊലിഞ്ഞപ്പോൾ, അത് വെറുമൊരു ആത്മഹത്യയല്ല, മറിച്ച് വിശ്വാസത്തിന്മേൽ ഏൽപ്പിക്കപ്പെട്ട കൊടും ചതിയായിരുന്നു. ധനുഷ്കുമാറിന്റെ ആ അവസാന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അനിതയെ കസ്റ്റഡിയിലെടുത്തു. പ്രണയത്തിന്റെ പേരിൽ ഒരു യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട ആ ചതിയുടെ കഥ ഇന്നും തുമ്മനപ്പള്ളിയിലെ കാറ്റിൽ ഒരു വിങ്ങലായി ബാക്കിയുണ്ട്.
















