തമിഴ് നാട്ടിൽ പൊങ്കൽ പോരാട്ടം യുവ നടന്മാർ തമ്മിൽ ആണ്. കാർത്തി ചിത്രം ‘വാ വാത്തിയാർ’, ശിവകാർത്തികേയന്റെ ‘പരാശക്തി’, ജീവ നായകനായി എത്തുന്ന തലൈവർ തമ്പി തലയ്മയിലു’മാണ് പൊങ്കൽ ചിത്രങ്ങളായി എത്തിയത്. ഇതിൽ ‘പരാശക്തിയും’ ജീവയുടെ ‘തലൈവർ തമ്പി തലയ്മയിലു’മാണ് പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്നത്.
വർഷങ്ങൾക്കുശേഷം ജീവയുടെ ശക്തമായ തിരിച്ചുവരവു കൂടിയാണിത്. ശിവകാർത്തികേയനും ജീവയും തമ്മിൽ മത്സരമുണ്ട് എന്ന തരത്തില്‍ ഫാൻ ഗ്രൂപ്പുകളിലും ആരാധകർക്കിടയിലും തർക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഒരു വർഷം മുമ്പ് ശിവകാർത്തികേയനെക്കുറിച്ച് ജീവ പറഞ്ഞ വാക്കുകൾ ആരാധകർ കുത്തിപ്പൊക്കിയത്. ‘അഗാത്തിയ’ എന്ന സിനിമയുടെ പ്രമോഷനിടെ ജീവ പറഞ്ഞ ചില പ്രസ്താവനകളാണ് ചര്‍ച്ചയായി മാറിയത്.
ശിവകാർത്തികേയൻ ജീവയ്ക്ക് എതിരാളിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് ശിവകാര്‍ത്തികേയൻ തനിക്ക് എതിരാളി അല്ലെന്നും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് തികച്ചും യാദൃച്ഛികമായി ആണെന്നും ജീവ പറഞ്ഞു. രവി മോഹനും ചിമ്പുവുമൊക്കെയാണ് സിനിമ തുടങ്ങിയ കാലം മുതലുള്ള എതിരാളികൾ. ശിവകാർത്തികേയൻ എതിരാളിയേ അല്ല. മത്സരം നടക്കുന്നത് നടന്മാരുമായല്ല, അവരുടെ മാർക്കറ്റിങ് ടീമുമായാണ് എന്നും ജീവ പറഞ്ഞു.
ജനുവരി പത്തിനാണ് ‘പരാശക്തി’ റിലീസ് ചെയ്തത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും പ്രധാനവേഷത്തിലെത്തിയ ചിത്രം ശിവകാർത്തികേയന്റെ 25ആം സിനിമയാണ്. ബേസിൽ ജോസഫ് നായകനായെത്തി ‘ഫാലിമി’യുടെ തമിഴ് റീമേക്ക് ആണ് ‘തലൈവർ തമ്പി തലയ്മയിൽ’. ‘ഫാലിമി’ ഒരുക്കി നിതീഷ് സഹദേവ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.
















