സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയായ ഓപ്പറേഷന്‍ ”ഷോര്‍ട്ട് സര്‍ക്ക്യൂട്ട്”നടത്തുന്നു. ബോര്‍ഡില്‍ നടപ്പിലാക്കുന്ന കരാര്‍ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി വ്യാപക ക്രമക്കേടുകളും അഴിമതിയും സ്വജനപക്ഷപാതവും നടന്നു വരുന്നുണ്ട്. കരാറുകാരില്‍ നിന്നും കമ്മീഷന്‍ ഇനത്തില്‍ കൈക്കൂലി കൈപ്പറ്റുന്ന ചില ഉദ്യോഗസ്ഥര്‍ കരാര്‍ പ്രവര്‍ത്തികളില്‍ വേണ്ട വിധത്തിലുള്ള പരിശോധന നടത്താതെ ബില്‍ മാറി പണം അനുവദിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു.
ഉപഭോക്താക്കളുടെ എനര്‍ജി ഉപഭോഗം കണക്കാക്കുന്നതിനുള്ള മീറ്റര്‍ റീഡിംഗില്‍ കൃത്രിമം നടത്തി അനധികൃത കിഴിവുകള്‍ നല്‍കുന്നതായും, ഇത് കണ്ടെത്താതിരിക്കുന്നതിന് എനര്‍ജി മീറ്ററുകള്‍ തകരാറിലാക്കുകയോ, തകരാറായതായി കാണിച്ച് മാറ്റി സ്ഥാപിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത് കാരണം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബിയില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി തിരഞ്ഞെടുത്ത 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ ഇന്ന് രാവിലെ 10.30 മണി മുതല്‍ ”ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട്” എന്ന പേരില്‍ സംസ്ഥാന തലത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി വരുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോദന നടക്കുന്നത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.
CONTENT HIGH LIGHTS; Operation ”Short Circuit”: Lightning check to uncover corruption and irregularities in KSEB
















