ഒഡീഷയിലെ ബലാസോർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ബലാസോർ സ്വദേശിയായ മകന്ദർ മഹമ്മദ് (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു .
ബുധനാഴ്ച പുലർച്ചെ കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മകന്ദറിനെയും ഡ്രൈവറെയും സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മകന്ദറിനെ ബലാസോർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം നടന്ന സ്ഥലത്തെത്തിയ പോലീസ് ആദ്യം സ്വീകരിച്ച നടപടികൾ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പിക്കപ്പ് വാൻ അമിതവേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ചാണ് പോലീസ് ആദ്യം കേസെടുത്തത്. വാൻ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞുവെന്നായിരുന്നു എഫ്.ഐ.ആറിലെ പരാമർശം.
ആദ്യഘട്ടത്തിൽ അപകടമരണമെന്ന രീതിയിലാണ് പോലീസ് നീങ്ങിയതെങ്കിലും, കൊല്ലപ്പെട്ട മകന്ദറിന്റെ സഹോദരൻ നൽകിയ പരാതിയോടെ കേസിൽ വഴിത്തിരിവുണ്ടായി. അഞ്ചംഗ സംഘം വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരൻ പരാതിയിൽ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 (2) പ്രകാരം കൊലപാതകത്തിന് കേസെടുത്ത പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
















