നിരവധി ഗ്രാമങ്ങൾ, ഓൾഡ് ടൗൺ, ബീച്ച് റിസോർട്ട് എന്നിവ ചേർന്നതാണ് വിയറ്റ്നാമിന്റെ മധ്യ തീരത്ത് സ്ഥിതി ചെയ്യുന്ന ഹോയ് ആൻ എന്ന നഗരം. വിയറ്റ്‌നാമിലെ ക്വാങ് നാം പ്രവിശ്യയിലാണ് ചരിത്രപ്രസിദ്ധമായ ഹോയ് ആൻ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികൾക്കിടയിൽ വളരെ അധികം പ്രചാരമുള്ള പട്ടണമാണ് ഹോയ് ആൻ.
പതിനഞ്ചാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വ്യാപാര തുറമുഖങ്ങളിൽ ഒന്നായിരുന്നു ഇവിടം. ചൈനീസ്, ജാപ്പനീസ്, യൂറോപ്യൻ വ്യാപാരികൾ ഇവിടെയെത്തി വാണിജ്യ ബന്ധങ്ങൾ സ്ഥാപിച്ചതോടെ വിവിധ സംസ്‌കാരങ്ങൾ ഇഴചേർന്ന ഒരു സവിശേഷ വാസ്തുവിദ്യ ഇവിടെ രൂപപ്പെട്ടു.
മഞ്ഞനിറം പൂശിയ പഴയ കെട്ടിടങ്ങളും അവയ്ക്ക് മുകളിൽ പടർന്നുകയറുന്ന ബോഗൻവില്ല ചെടികളുമെല്ലാം കാണുമ്പോള്‍ ഏതോ ലോകത്തെത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്ക് ഉണ്ടാവുക.സന്ധ്യ മയങ്ങുന്നതോടെയാണ് ഹോയ് ആൻ കൂടുതല്‍ സുന്ദരമാകുന്നത്.
നഗരത്തിലെ തെരുവുകളിലും കെട്ടിടങ്ങളിലും തൂക്കിയിട്ടിരിക്കുന്ന ആയിരക്കണക്കിന് വർണവിളക്കുകൾ തെളിയുന്നതോടെ ഇവിടം ഒരു സ്വപ്നലോകമായി മാറും. തു ബോൺ നദിയിലൂടെ ചെറിയ തോണികളിൽ യാത്ര ചെയ്യാനും കടലാസ് വിളക്കുകൾ പുഴയിൽ ഒഴുക്കി വിടാനും സാധിക്കും. നഗരമധ്യത്തിലെ ജാപ്പനീസ് കവേർഡ് ബ്രിജ് രാത്രിയിൽ വർണവിളക്കുകളാൽ തിളങ്ങി നിൽക്കുന്നത് കാണാൻ ഏറെ മനോഹരമാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകുന്ന നൂറുകണക്കിന് കടകൾ ഇവിടെയുണ്ട്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെന്നുണ്ടെങ്കിൽ അടുത്തുള്ള ആൻ ബാങ് ബീച്ചിലേക്കോ ഉൾഗ്രാമങ്ങളിലേക്കോ യാത്ര പോകാം.
വിയറ്റ്‌നാമിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അറിയപ്പെടുന്ന ഇടമാണ് അടുത്ത ചിത്രത്തില്‍ കാണുന്ന നഗരമായ ദാ നാംഗ്. ഹോയ് ആനില്‍ നിന്നും ഏകദേശം മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ദക്ഷിണ ചൈനാ കടലിന്റെ തീരത്ത് വെളുത്ത മണൽ വിരിച്ച മൈ ഖേ ബീച്ച് മുതൽ ആകാശത്തോളം ഉയർന്നുനിൽക്കുന്ന ബാനാ ഹിൽസ് വരെ നീളുന്ന കാഴ്ചകൾ ദാ നാംഗിനെ വിയറ്റ്‌നാമിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നു.
ഹാൻ നദിക്ക് കുറുകെയുള്ള വിസ്മയിപ്പിക്കുന്ന പാലങ്ങള്‍ ദാ നാംഗിന് ആധുനിക മുഖം നല്‍കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭീമാകാരമായ ഒരു ഡ്രാഗണിന്റെ ആകൃതിയിൽ നിർമിച്ചിട്ടുള്ള ഡ്രാഗൺ ബ്രിജ്. രാത്രികാലങ്ങളിൽ ഈ പാലം വർണവിളക്കുകളാൽ പ്രകാശിക്കുമ്പോൾ നഗരം ഉണരും. എല്ലാ വാരന്ത്യങ്ങളിലും ഡ്രാഗണിന്റെ വായയിലൂടെ തീയും വെള്ളവും തുപ്പുന്ന കാഴ്ച കാണാൻ നദിതീരത്ത് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടും. ഇതിനു പുറമെ ദൂരെ മലനിരകളിൽ രണ്ട് കൂറ്റൻ കൈകൾ താങ്ങിപ്പിടിച്ചിരിക്കുന്ന നിലയിൽ നിർമിച്ചിട്ടുള്ള ഗോൾഡൻ ബ്രിജും ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്.
നഗരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മാർബിൾ മൗണ്ടൻസ് ആണ് മറ്റൊരു കാഴ്ച. മാർബിൾ കല്ലുകൾ കൊണ്ട് രൂപപ്പെട്ട അഞ്ച് ചെറിയ കുന്നുകൾക്കുള്ളിലെ ഗുഹകളും അതിനുള്ളിലെ ബുദ്ധക്ഷേത്രങ്ങളും ഏതൊരു സഞ്ചാരിയെയും വിസ്മയിപ്പിക്കും. കൂടാതെ സോൺ ട്ര പെനിൻസുലയിലെ ലിൻ ഉങ് പഗോഡയിലുള്ള ഭീമാകാരമായ ലേഡി ബുദ്ധ പ്രതിമ കടലിലേക്കു നോക്കി നിൽക്കുന്ന കാഴ്ചയും കാണേണ്ടതു തന്നെയാണ്.
















