ഇറാനിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ട നൂറുകണക്കിന് പ്രതിഷേധക്കാരുടെ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കം ഇറാൻ ഭരണകൂടം ഉപേക്ഷിച്ചതിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തന്റെ സ്വന്തം സാമൂഹിക മാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഇറാൻ നേതൃത്വത്തിന് നന്ദി അറിയിച്ചത്. ഏകദേശം 800-ഓളം പേരുടെ വധശിക്ഷയാണ് അവസാന നിമിഷം ഇറാൻ റദ്ദാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു.
”ഇന്നലെ നടക്കേണ്ടിയിരുന്ന 800-ലധികം വധശിക്ഷകൾ ഇറാൻ നേതൃത്വം റദ്ദാക്കിയെന്ന വസ്തുതയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. നന്ദി!” – ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഇറാനിൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, വധശിക്ഷകൾ ഒഴിവാക്കിയ നടപടി സ്വാഗതാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോടും അദ്ദേഹം ഇതേ വികാരം പങ്കുവെച്ചു.
















