വിനോദസഞ്ചാര കേന്ദ്രമായ വടക്കൻ ഗോവയെ നടുക്കി ഇരട്ടക്കൊലപാതകം. ലിവിങ് പങ്കാളി ഉൾപ്പെടെ രണ്ട് റഷ്യൻ യുവതികളെ കൊലപ്പെടുത്തിയ കേസിൽ റഷ്യൻ സ്വദേശിയായ അലക്സി ലിയോനൊവിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ അരംബോളിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
അലക്സിയുടെ പങ്കാളിയായിരുന്ന എലെന കസാത്തനോവയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. കൈകൾ പിന്നിലേക്ക് കെട്ടിയിട്ട നിലയിലും കഴുത്തറുത്ത നിലയിലുമായിരുന്നു മൃതദേഹം. വീട്ടുടമസ്ഥൻ മുറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യം കണ്ടത്. 2024 മുതൽ ഗോവയിൽ താമസിച്ചുവരികയായിരുന്ന എലെനയും അലക്സിയും തമ്മിൽ ദീർഘനാളായി ലിവിങ് റിലേഷനിലായിരുന്നു.
അറസ്റ്റിലായതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റൊരാളെ കൂടി താൻ കൊലപ്പെടുത്തിയ വിവരം അലക്സി വെളിപ്പെടുത്തിയത്. 37 വയസ്സുകാരിയായ എലെന വനിവ എന്ന യുവതിയെ മോർജിമിൽ വെച്ച് കൊലപ്പെടുത്തിയതായാണ് ഇയാൾ സമ്മതിച്ചത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തു.
പ്രതി എന്തിനാണ് രണ്ട് യുവതികളെയും വകവരുത്തിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ഗോവ പോലീസ് അറിയിച്ചു.
















