പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. കൽക്കരി കുംഭകോണത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സുവേന്ദു അധികാരി ഈ വിവരം പുറത്തുവിട്ടത്.
അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി നേരത്തെ മമതാ ബാനർജിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ആലിപ്പൂർ സിവിൽ ജഡ്ജി കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതയില്ലാത്തതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം
എക്സിൽ (X) പങ്കുവെച്ച കുറിപ്പിലൂടെ കടുത്ത ഭാഷയിലാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിയെ വിമർശിച്ചത്.
”ബഹുമാനപ്പെട്ട മമതാ ബാനർജി, നിങ്ങൾ പ്രശ്നങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഒളിച്ചോടുമ്പോൾ, ഞാൻ എന്റെ പ്രതിബദ്ധതകൾ പാലിക്കുന്നു. കൽക്കരി കുംഭകോണത്തിൽ എനിക്ക് പങ്കുണ്ടെന്ന നിങ്ങളുടെ ആരോപണങ്ങളോട് മൗനം പാലിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യില്ല.”
എന്ന് അദ്ദേഹം കുറിച്ചു.
തന്റെ അഭിഭാഷകരുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടാൻ മമതയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോടതി വിധി അനുകൂലമായാൽ ലഭിക്കുന്ന 100 കോടി രൂപയുടെ നഷ്ടപരിഹാരത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും അധികാരി അറിയിച്ചിട്ടുണ്ട്.
















