ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തടാകത്തിൽ നടക്കവെ മലയാളികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തടാകത്തിൽ കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഏഴ് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേർ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കും.
















