മണിപ്പൂർ വംശീയ കലാപത്തിന്റെ നടുക്കുന്ന ഇരകളിലൊരാളായ കുക്കി യുവതി മരണത്തിന് കീഴടങ്ങി. 2023 മെയ് മാസത്തിൽ ഇംഫാനിൽ വെച്ച് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ മുപ്പത്തിയേഴുകാരിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളും അതിനെത്തുടർന്നുണ്ടായ മാനസിക-ശാരീരിക ആഘാതങ്ങളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
രണ്ട് വർഷത്തോളമായി യുവതി അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ക്രൂരമായ ശാരീരിക പീഡനങ്ങളിൽ നിന്ന് യുവതിയുടെ ശരീരം ഒരിക്കലും പൂർണ്ണമായി മോചിതമായിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം വിട്ടുമാറാത്ത മാനസികാഘാതവും (PTSD) ഇവരെ വേട്ടയാടിയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യം വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















