ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസിനെ നായകനാക്കി ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ആദ്യ ടീസറിന് എങ്ങും ഗംഭീര പ്രതികരണം. ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ടീസര്‍ ഒരു ദിവസം കൊണ്ട് 1.4 മില്യണ്‍ കാഴ്ചകള്‍ നേടിക്കഴിഞ്ഞു.
പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ നായകൻ ആന്റണി വർഗീസ് കാട്ടിൽ ആനയുമായി ഏറ്റുമുട്ടുന്ന രംഗങ്ങൾ അവിശ്വസനീയമായ പൂർണ്ണതയോടെയാണ് ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാർത്ഥ ആനയെ ഉപയോഗിച്ച് ആണ് ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും ടീസറിൽ നൽകിയിരിക്കുന്ന ഡിസ്ക്ലെയിമറിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രങ്ങളിൽ ഒന്നായി ഇതിലെ നായക വേഷം മാറുമെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ടീസറിൽ കാണാൻ സാധിക്കുന്ന, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
















