കോഴിക്കോട് ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ദീപക്കിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും വ്യാപകമായ സൈബർ ആക്രമണം നേരിടുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു യുവതി ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
ഈ വീഡിയോ വൈറലായതോടെ ദീപക്കിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു. എന്നാൽ, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും വസ്തുതകൾ വളച്ചൊടിച്ചതാണെന്നും ദീപക് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.
ദീപക്കിന്റെ മരണത്തിന് പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി കുടുംബം രംഗത്തെത്തി. ദീപക് സ്ത്രീകളോട് മോശമായി പെരുമാറുന്ന സ്വഭാവക്കാരനല്ലെന്നും, വീഡിയോ പകർത്തി അവഹേളിച്ചതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, യുവതിയുടെ വാദങ്ങളിലും ചില വൈരുദ്ധ്യങ്ങൾ പ്രകടമാണ്. താൻ വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു യുവതി സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്താതെ ഒരാളെ പരസ്യമായി വിചാരണ ചെയ്യുന്നതിലെ അപകടത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
















