ബംഗളൂരു നഗരത്തിലെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് ആൺവേഷം ധരിച്ചെത്തി വൻ മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് പിടികൂടി. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് വടക്കൻ ബംഗളൂരുവിലെ സമ്പഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം പാന്റ്‌സും ഷർട്ടും ധരിച്ച് ഹെൽമെറ്റും തൊപ്പിയും വെച്ചാണ് ഇവർ കറങ്ങുന്നത്. പകൽസമയങ്ങളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് വീടുകൾ നിരീക്ഷിക്കുകയും, വീട്ടുകാർ പുറത്തുപോകുന്നത് ഉറപ്പായാൽ വാതിൽ തകർത്ത് അകത്തുകയറി കവർച്ച നടത്തുകയുമാണ് ഇവരുടെ പതിവ്. ഇത്തരത്തിൽ സമ്പഗെഹള്ളിയിലെ സംഘമേഷിന്റെ വീട്ടിൽ നിന്ന് 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും ഇവർ മോഷ്ടിച്ചിരുന്നു.
സംഘമേഷിന്റെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം പോലീസ് നടത്തിയ പരിശോധനയിൽ പരിസരത്തെ നൂറോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ബൈക്കിലെത്തിയ ആൺകുട്ടികളാണ് മോഷണം നടത്തിയതെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ പരിശോധനയിൽ പ്രതികൾ യുവതികളാണെന്ന് വ്യക്തമാവുകയായിരുന്നു. മുമ്പ് ഹെബ്ബാൾ, ബോമ്മനഹള്ളി ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും ഇവർ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
















