ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ഒറോറ അഥവാ ധ്രുവദീപ്തികൾ. ഇപ്പോഴിതാ ഒറോറ നേരിൽ കണ്ടതിന്റെ ആഹ്ലാദം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ധ്രുവദീപ്തി ആസ്വദിക്കുന്ന തന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിട്ടുണ്ട്. പച്ച നിറത്തിൽ തിളങ്ങി നിൽക്കുന്ന ആകാശം കാണാൻ തന്നെ മനോഹരമാണ്.
ആകാശം തുളച്ചു വരുന്ന പ്രകാശത്തിന്റെ രാജപാതകളാണ് ധ്രുവദീപ്തിയെ അപൂര്‍വ കാഴ്ചയാക്കുന്നത്. ധ്രുവ പ്രദേശങ്ങളോട് ചേര്‍ന്നുള്ള രാജ്യങ്ങളിലാണ് പൊതുവേയിതു കാണാറ്. നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ മഞ്ഞു പുതച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ കൊടും തണുപ്പു സഹിച്ച് നിരവധി സഞ്ചാരികള്‍ ധ്രുവദീപ്തിയെന്ന പ്രകൃതിയുടെ മായക്കാഴ്ച കാണാന്‍ പോകാറുണ്ട്.
ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോർത്തേൺ, സതേൺ ലൈറ്റുകൾ എന്ന് ഇവയെ വിളിക്കാറുണ്ട്. ഒറോറ ബോറിയാലിസ് എന്ന് ഉത്തരധ്രുവമേഖലയിലെ ധ്രുവദീപ്തിയും ഒറോറ ഓസ്ട്രാലിസ് എന്ന് ദക്ഷിണ ധ്രുവമേഖലയിലെ ധ്രുവദീപ്തിയും സാങ്കേതികമായി അറിയപ്പെടുന്നു. സൂര്യനിൽ നിന്നുള്ള സൗരവാത കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോഴാണ് ധ്രുവ ദീപ്തിയുണ്ടാകുന്നത്. സിഗ്സാഗ് ഘടനയിലും രശ്മികളുടെ രൂപത്തിലും ഉയരുന്ന പുകപോലെയുമൊക്കെ ധ്രുവദീപ്തികൾ കാണപ്പെടാറുണ്ട്. ഉത്തര ധ്രുവദീപ്തികൾ അലാസ്ക, കാനഡയുടെ വടക്കൻ പ്രദേശങ്ങൾ, ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, സൈബീരിയ തുടങ്ങിയിടങ്ങളിലും ദക്ഷിണ ധ്രുവദീപ്തികൾ അന്റാർട്ടിക്ക, ചിലെ, അർജന്റീന, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലും കാണപ്പെടാറുണ്ട്. ധാരാളം ആളുകൾ ഔറോറ കാണാൻ എത്തുന്നതിനാൽ വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള കാര്യം കൂടിയാണിത്.
ധ്രുവദീപ്തി കാണാൻ എത്തുന്ന സന്ദർശകർക്ക് ആ വിസ്മയ കാഴ്ചകൾ വ്യക്തമായി തന്നെ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് നോർവേ ഗവണ്മെന്റ്. അതിനായി പ്രത്യേകം രൂപകൽപന ചെയ്ത ഒരു ട്രെയിൻ യാത്രയാണ് അതിഥികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ലോകത്താദ്യമായാണ് ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ട് ധ്രുവദീപ്തി ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നത്. നഗരങ്ങളില്‍ നിന്നും മാറിയാണ് ഈ റെയില്‍ പാതയെന്നതും മനുഷ്യ നിര്‍മിത കൃത്രിമ വെളിച്ചം പ്രദേശങ്ങളില്‍ കുറവാണെന്നതും ധ്രുവദീപ്തി പരമാവധി ആസ്വദിക്കാനുള്ള അവസരം ഒരുക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത ട്രെയിനില്‍ ധ്രുവദീപ്തി കണ്ടുകൊണ്ടുള്ള രാത്രിയിലുള്ള യാത്ര സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക. ട്രെയിനിന്റെ ചുവരുകളും മേല്‍ക്കൂരയും സുതാര്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇരിപ്പിടങ്ങളുടെ രൂപകല്‍പനയും പരമാവധി പുറംകാഴ്ചകള്‍ ആസ്വദിക്കാനാവും വിധമാണ്. ട്രെയിനിൽ അകത്തെ വെളിച്ചം പോലും പുറം കാഴ്ച്ചകളെ ബാധിക്കാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
നോര്‍വേ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവൈ ആണ് ധ്രുവദീപ്തി കാണാനുള്ള ട്രെയിന്‍ യാത്ര ഒരുക്കിയിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രകൃതിക്ക് പരമാവധി കുറവ് ബാധ്യതകള്‍ വരുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാരമാണ് ഇതുവഴി നോർവേ ലക്ഷ്യമിടുന്നത്. ട്രെയിനിലെ ആധുനിക സാറ്റലൈറ്റ് ആശയവിനിമയ ഉപാധികള്‍ വഴി കാലാവസ്ഥയുടേയും ധ്രുവദീപ്തിയുടേയും വിവരങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുകയും ചെയ്യും.
ഓസ്‌ലോ-ബെര്‍ജെന്‍ പാതയിലാണ് ഈ ട്രെയിന്‍ ഓടുന്നത്. ഏകദേശം 460 കിലോമീറ്റര്‍ ദൂരം ഏഴര മണിക്കൂറിലാണ് ട്രെയിന്‍ മറികടക്കുക. ധ്രുവദീപ്തിക്കൊപ്പം ഈ ട്രെയിന്‍ യാത്ര തന്നെ സവിശേഷ അനുഭവമാവുമെന്നുറപ്പിക്കാം. വിമാനത്തിലെ ബിസിനസ് ക്ലാസിലെ സീറ്റുകളാണ് ഉയര്‍ന്ന യാത്രാ സുഖത്തിനായി നല്‍കിയിരിക്കുന്നത്. യാത്രികര്‍ക്ക് ബെഡ് ഷീറ്റുകളും തലയണകളും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പുകളുമുണ്ടാകും. ഓരോ യാത്രികര്‍ക്കും റീഡിങ് ലൈറ്റും യുഎസ്ബി ചാര്‍ജിങ് സൗകര്യവുമുണ്ട്.
യാത്രയില്‍ വളര്‍ത്തു മൃഗങ്ങളേയും കൂടെ കൂട്ടാനാവുമെന്നതും നിരവധി പേരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. 40 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള നായകളെ ഒരു യാത്രക്കാരനായി കണക്കാക്കും. ഒരു കംപാര്‍ട്ട്‌മെന്റില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ വരെ കൊണ്ടുപോകാനാവും. സ്ഥലപരിമിതിയുള്ളതിനാല്‍ കൂടുകള്‍ കൂടെ കൂട്ടാനാവില്ലെന്നും മൃഗങ്ങള്‍ താഴെ കിടക്കേണ്ടി വരുമെന്നും നോര്‍വെ റെയില്‍വേ വ്യക്തമാക്കുന്നു. ഏകദേശം 130 യൂറോ(13,752 രൂപ)യാണ് ഒരു ടിക്കറ്റിന് ചെലവു വരിക.
















