ഗസ്സ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് പിന്തുണയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ഗസ്സ സമാധാന ബോർഡിന്റെ രൂപീകരണം വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ജനുവരി 15-ന് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ഇന്ത്യയെ കൂടാതെ, നാല് രാജ്യങ്ങൾക്കും ബോർഡിൽ ചേരാൻ യുഎസ് ക്ഷണിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലുമായും പലസ്തീനുമായും ഒരേപോലെ മികച്ച ബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം, പാകിസ്താനും സമിതിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ജോർദാൻ, ഗ്രീസ്, സൈപ്രസ് എന്നിവയാണ് ക്ഷണം ലഭിച്ച മറ്റ് രാജ്യങ്ങൾ.
നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ എന്നിവയും ക്ഷണിച്ചതായി അറിയിച്ചിരുന്നു. ഒക്ടോബർ 10 ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഗസ്സയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനാണ് സമാധാന ബോർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗസ്സയിൽ പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കൽ, അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കൽ, ഹമാസിന്റെ നിരായുധീകരണം, യുദ്ധം തകർത്ത പ്രദേശത്തിന്റെ പുനർനിർമ്മാണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുക എന്നിവയാണ് ഇതിന്റെ ചുമതലകൾ. വെടിനിർത്തൽ നിരീക്ഷിക്കുന്ന ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു.
Story Highlights : India receives invitation to join Trump’s Board of Peace for Gaza
















